ഐപിഎൽ പതിനേഴാം സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ രാജി പ്രഖ്യാപനം. ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരിക്കും ഈ സീസണിൽ ടീമിനെ നയിക്കുക. ഐപിഎല്ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ചെന്നൈയുടെ ക്യാപ്റ്റൻസി മാറ്റം വ്യക്തമായത്. ഐപിഎൽ സീസൺ തുടങ്ങും മുൻപുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിൽ ചെന്നൈയെ പ്രതിനിധീകരിച്ച് ധോണിക്കു പകരം ഗെയ്ക്ക്‌വാദ് എത്തിയതോടെയായിരുന്നു സ്ഥിരീകരണം.
നേരത്തെ, പുതിയ ഐപിഎൽ സീസണിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് ധോണി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പുതിയ റോളിലെത്തും എന്നായിരുന്നു അതിലെ സൂചന. എന്നാൽ, ബാറ്റിങ് ഓർഡറിലെ മാറ്റം പോലുള്ള പ്ലസന്‍റ് സർപ്രൈസുകൾ ആരാധകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി രാജിവാർത്ത എത്തിയത്.
പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദ് 2020ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ചതു മുതൽ ചെന്നൈ ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. ഇതുവരെ 52 മത്സരങ്ങളിൽ 1797 റൺസ് നേടിയിട്ടുണ്ട്. 39 റൺസാണ് ഓപ്പണറുടെ ബാറ്റിങ് ശരാശരി. 135.5 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്. 2021 സീസണിൽ 16 മത്സരങ്ങളിൽ 635 റൺസ് വാരിയിരുന്നു. 45 റൺസായിരുന്നു അന്നത്തെ ശരാശരി.
ഇത്തവണത്തെ ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരം തന്നെയായിരിക്കും ഗെയ്ക്ക്‌വാദിന്‍റെ ക്യാപ്റ്റൻസി അരങ്ങേറ്റം. മാർച്ച് 22ന് ചെന്നൈയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ആതിഥേയരുടെ എതിരാളികൾ