തമിഴ്‌നാട്ടിൽ ‘ദി കേരള സ്റ്റോറി’ ഇനി പ്രദർശിപ്പിക്കില്ല

0
25

‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയേറ്ററുകൾ. തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകൾ കുറവായിരുന്നെങ്കിലും ചില സിംഗിള്‍ സ്ക്രീനുകളിലും മള്‍ട്ടിപ്ലെക്സുകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചില സിംഗിള്‍ സ്ക്രീന്‍ തിയേറ്ററുകള്‍ നേരത്തേതന്നെ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ തമിഴ് നാട്ടിൽ ഇനി ‘ദി കേരള സ്റ്റോറി’ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല

കേരളത്തില്‍ 21 സ്ക്രീനുകളിലാണ് ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനം ആരംഭിച്ചത്. പ്രമുഖ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് പുറത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. ഉള്ളടക്കം കൊണ്ട് റിലീസിന് മുന്‍പേ വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം.