ചന്ദ്രയാന്‍ 3 ലാന്‍ഡുചെയ്യാൻ മണിക്കൂറുകൾ മാത്രം

0
34

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 ഇറക്കാനുള്ള ദൗത്യവും പൂര്‍ണമായും വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ലോകം. കേവലം 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള പഥത്തില്‍ നിന്ന് ലാന്‍ഡറിനെ കുത്തനെയാക്കി, വളരെ സാവധാനം, ചന്ദ്രന്റെ ഉപരിതലത്തിലേക്ക് താഴ്‌ത്തിക്കൊണ്ടുവന്ന് വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തിൽ സേഫ് ലാൻഡ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 5:27 മുതൽ ഐഎസ്ആർഒ വെബ്‌സൈറ്റ്, ബഹിരാകാശ ഏജൻസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ, ഐഎസ്ആർഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണൽ എന്നിവയിൽ  ഇവന്റ് തത്സമയം കാണാം.

 

ജൂലൈ 14ന് വിക്ഷേപിച്ചതു മുതല്‍ ഭ്രമണപഥം ഉയര്‍ത്തലുകള്‍, ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കുള്ള ഭ്രമണപഥം താഴ്‌ത്തലുകള്‍, ലാന്‍ഡറിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നുള്ള വേര്‍പെടുത്തല്‍ തുടങ്ങി എല്ലാ പ്രവർത്തനങ്ങളും പൂർണ്ണ വിജയമായിരുന്നു.

ചന്ദ്രയാന്‍ രണ്ട് ഇങ്ങനെ അവസാന സമയത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ താഴേക്കിറങ്ങി ചന്ദ്രനില്‍ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നു. ഈ ദുരനുഭവം മുന്‍പിലുള്ളതിനാല്‍ അവസാന സമയത്തെ വേഗത നിയന്ത്രിക്കാന്‍ പ്രത്യേക കാമറയും സെന്‍സറുകളും ഇക്കുറി ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുണ്ട്.

അതിനിടെ, റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ലൂണ-25 ദൗത്യം ചന്ദ്രനിൽ പിടിച്ചിറങ്ങിയതായി സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സ്പർശിക്കുന്നതിന് ഒരു ദിവസം മുൻപാണ് പേടകം തകർന്നത്.