ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഐതിഹാസികമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചു. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യത്തെ ബിൽ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
വിവിധ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ സമവായാമാകാത്തതിനാൽ 27 വർഷമായി ‘ഫ്രീസറിൽ’ ഇരിക്കുന്ന ബില്ലാണ് പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളന ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടത്. 2047നുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഈ ബിൽ നിർണായകമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
‘നാരീശക്തി വന്ദൻ അഭിനിയം’ എന്നായിരിക്കും ഇതിനു പേരു നൽകുക. മുലായം സിങ് യാദവിന്‍റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി അടക്കം നിരവധി പ്രാദേശിക പാർട്ടികൾ ശക്തമായി എതിർത്തതു കാരണമാണ് 27 വർഷം മുൻപ് അവതരിപ്പിക്കപ്പെട്ട ബിൽ മുന്നോട്ടുപോകാതിരുന്നത്. ഇപ്പോൾ ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കുകയും, കൂടുതൽ പാർട്ടികൾ വനിതാ സംവരണത്തോടു യോജിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിൽ അനായാസം പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്