വൈദ്യുതി ചാർജിന്‍റെ പേരിൽ അദാനി ഗ്രൂപ്പ് സാധാരണക്കാരെ സ്വന്തമാക്കുന്നത് 12,000 കോടി രൂപയെന്ന് മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫിനാൻഷ്യൽ ടൈംസ് നൽകിയ വാർത്തയെ അടിസ്ഥാനമാക്കി ഡൽഹി എഐസിസി ഹെഡ് ക്വാർട്ടേഴ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ അന്വേഷണത്തിനുത്തരവിട്ട് അദ്ദേഹത്തിന്‍റെ വിശ്വാസ്യത തെളിയിക്കണമെന്നും രാഹുൽ പറഞ്ഞു.
എന്തു കൊണ്ടാണ് പ്രധാനമന്ത്രി ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്? അദാനിക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് വിശ്വാസ്യ തെളിയിക്കൂ എന്നു പറയുന്നതിലൂടെ അദ്ദേഹത്തെ സഹായിക്കുകയാണ് താനെന്നും രാഹുൽ പറഞ്ഞു.
ഇന്തോനേഷ്യയിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് ഇരട്ടി വിലയാണ് അദാനി ഇന്ത്യയിൽ ഈടാക്കുന്നത്. വൈദ്യുതി ചാർജ് വർധനയായി സാധാരണക്കാരനിലേക്ക് ഈ അമിത ചാർജ് എത്തുന്നു. അത്തരത്തിൽ 12,000 കോടി രൂപയാണ് സാധാരണക്കാരന്‍റെ പോക്കറ്റിൽ നിന്ന് അദാനി സ്വന്തമാക്കിയത്. ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വന്നാൽ ലോകത്ത് മറ്റേതു രാജ്യത്താണെങ്കിലും സർക്കാർ താഴെ വീഴും. എന്നാൽ ഇന്ത്യയിൽ യാതൊന്നും സംഭവിക്കുന്നില്ല. അദാനിക്ക് സർക്കാർ പൂർണസഹായം ഉറപ്പു വരുത്തിയിട്ടുണ്ട്. ആരാണ് അദ്ദേഹത്തിനു പുറകിലുള്ള ശക്തിയെന്ന് എല്ലാവർക്കും അറിയാമെന്നും രാഹുൽ പറഞ്ഞു.