ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച മേഖലയ്ക്ക് സംസ്ഥാന പദവി തിരിച്ചു നൽകണമെന്നും 2024 സെപ്റ്റംബർ 30നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം താത്കാലികമായിരുന്നു. യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്കാലികമായി ഏർപ്പെടുത്തിയ സംവിധാനമായിരുന്നു അത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. രാജ്യത്തെ എല്ലാ നിയമങ്ങളും ​കശ്മീരിനും ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ 2 കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളെയും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ്, ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള 370ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് എന്ന വാദമാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വിഘടനവാദത്തിനു ശമനമുണ്ടായതായും അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്നും കേന്ദ്രം വാദിച്ചു.

370 ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര നടപടി ഭരണഘടനാപരമായി സാധുവാണോ എന്നാണ് കോടതി പരിശോധിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി. ഗിരി എന്നിവരാണു കേന്ദ്ര സർക്കാരിനും 370 നീക്കിയതിനെ അനുകൂലിക്കുന്നവർക്കും വേണ്ടി ഹാജരായത്. കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, സഫർ ഷാ, ദുഷ്യന്ത് ദവെ എന്നിവർ എതിർ കക്ഷികൾക്കു വേണ്ടി ഹാജരായി.