വാരണാസി: ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു വകുപ്പു നടത്തിയ പരിശോധനാ റിപ്പോർട്ട് പുറത്തു വിടണമോ എന്നുള്ളതിൽ ജനുവരി 24 ന് തീരുമാനമെടുക്കുമെന്ന് വാരണാസി കോടതി. ഗ്യാൻവാപി പള്ളി കെട്ടിട സമുച്ചയത്തിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഡിസംബർ 18ന് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് കുറഞ്ഞത് നാലു ആഴ്ചയിലേക്കെങ്കിലും പുറത്തു വിടരുതെന്ന് പുരാവസ്തു വകുപ്പ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഗ്യാൻവാപി പള്ളി മുൻപേ നിലവിൽ ഉള്ള ക്ഷേത്രത്തിനു മുകളിലാണ് നിർമിച്ചിരിക്കുന്നതെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് കെട്ടിടസമുച്ചയത്തിൽ പുരാവസ്തു വകുപ്പ് ശാസ്ത്രീയ പരിശോധന നടത്തിയത്.
ആർക്കിയോളജി സർവേ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസതവയാണ് വരാണസി ജില്ലാ കോടതി ജഡ്ജി മുൻപാകെ റിപ്പോർട്ട് സമർപ്പിച്ചത്.
ഏകദേശം നൂറു ദിവസമെടുത്താണ് പള്ളിയിലെ സർവേ പൂർത്തിയാക്കിയത്. കേടുപാടുകളുണ്ടാകുമെന്നും സർവേ നടത്തരുതെന്നും മുസ്ലീം വിഭാഗം ആവശ്യപ്പെടെങ്കിലും അത് മറികടന്നാണ് കോടതി അനുമതി നൽകിയത്.