രാഹുൽ ഗാന്ധിയുടെ യാത്ര ഗുവാഹത്തിയിൽ തടഞ്ഞ് പൊലീസ്; ബാരിക്കേഡ് പൊളിച്ച് പ്രവർത്തകർ, ലാത്തി വീശി പൊലീസ്

0
58

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം. യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് ത‌ട‌ഞ്ഞതിനെതുടർന്നാണ് സംഘർഷമുണ്ടായത്. രാഹുലിൻറെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

രാഹുൽ ഗാന്ധി ബസിന് മുകളിൽ നിൽക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. സംഘർഷം രൂക്ഷമായതോടെ ശാന്തരാകാൻ പ്രവർത്തകർക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകി. ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു.

ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. രാഹുൽഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്ക്കെതിരെ അസമിൽ ബിജെപി പ്രതിഷേധം ശക്തമാണ്. യാത്ര എങ്ങിനെ മുന്നോട്ടു കൊണ്ടുപോകണമെന്നത് സംബന്ധിച്ച് നേതാക്കൾ കൂടിയാലോചന നടത്തുകയാണ്.