പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ

0
21

ഏറെ ചർച്ച ചെയ്യപ്പെട്ട പൗരത്വ ഭേദഗതി നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ഇതോടെ നിയമം പ്രാബല്യത്തിൽ വന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമുകൾ അല്ലാത്തവർക്ക് പൗരത്വം നൽകുന്ന നിയമം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപേ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാർ പ്രഖ്യാപിച്ചിരുന്നു. നിയമത്തിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പൗരത്വം നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.

മൂന്നു രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ മതങ്ങളിൽ നിന്നുള്ളവർക്കാണ് പൗരത്വം നൽകുക. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകിയത്.

അതിനു ശേഷവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇതിനെതിരേ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനിടെ നൂറോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.