മസ്‌കത്ത്: ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസികൾക്ക് ഇന്ന് മുതൽ ഒമാനിലേക്ക് നേരിട്ട് പ്രവേശിക്കാം.നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാളെ സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മണി മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും. സാധുവായ റെസിഡൻസി കൈവശമുള്ള പ്രവാസികള്‍ക്കും പുതിയ വീസക്കാര്‍ക്കും പ്രവേശിക്കാം.
ഒമാനില്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സീനുകളായാ ആസ്ട്രാസെനക/കൊവിഷീല്‍ഡ്, മൊഡേണ,ഫൈസര്‍/ബയോടെക്, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, ആസ്ട്രാസെനക/ഓക്‌സഫഡ്
സിനോഫാം , സിനോവാക്സുപ്ടുനിക് എന്നീ വാക്സിനുകളുടെ രണ്ട് ഡോസോ ആദ്യ ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ ആര്‍ കോഡുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തുകഴിഞ്ഞവര്‍ക്കും നാളെ മുതല്‍ മടങ്ങിവരാനാകും. ഇതിനായി തൊഴിലുടമ അപേക്ഷ നല്‍കുകയും വീസ സ്റ്റാറ്റസ് പുതുക്കുകയും വേണം.
എല്ലാ യാത്രക്കാരും പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. യാത്രക്ക് മുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്തിട്ടില്ലെങ്കില്‍ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം. തുടര്‍ന്ന് തറസ്സുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ലഭിക്കുന്നത് വരെ ക്വാറന്റീനില്‍ കഴിയുകയും വേണം. ഫലം പോസിറ്റീവ് ആണെങ്കില്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം.
യാത്രക്കാര്‍ തറസ്സുദ് പ്ലസില്‍ രജിസ്‌ട്രേഷന്‍ ചെയ്യുകയും ക്യുആര്‍ കോഡുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും പിസിആര്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുകയും വേണം. ഒമാനിലെ വിമാനത്താവളത്തിലെത്തിയിട്ടാണ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതെങ്കില്‍ തറസ്സുദ് പ്ലസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഇതിനുള്ള ഫീസ് അടയ്ക്കണം. ബ്രേസ്ലെറ്റിന് ഉള്‍പ്പടെ 25 റിയാല്‍ ആണ് നിരക്ക്.