പൊതു അവധി: എല്ലാ ഗവർണറേറ്റിലും ബാങ്കുകളുടെ ഓരോ ശാഖകൾ വീതം തുറന്ന് പ്രവർത്തിക്കും

0
20

കുവൈറ്റ്: രാജ്യത്ത് അടിയന്തിരമായി പ്രഖ്യാപിച്ച പൊതുഅവധി ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കുവൈറ്റിൽ രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം അടച്ചിടണമെന്നാണ് നിർദ്ദേശം.ബാങ്കുകള്‍ക്കും അവധി ബാധകമാണ്. അതേസമയം എ ടി എമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ നടക്കുമെന്നായിരുന്നു അറിയിപ്പ്‌.

എന്നാൽ ഇപ്പോള്‍ ആശ്വാസമേകുന്ന വാർത്തയുമായെത്തിയിരിക്കുകയാണ് കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ. പൊതു അവധി പ്രഖ്യാപിക്കപ്പെട്ട ഈ രണ്ടാഴ്ചക്കാലം കുവൈറ്റിലെ എല്ലാ ബാങ്കുകളുടെയും ഓരോ ശാഖകൾ എല്ലാ ഗവർണേറ്റുകളിലും തുറന്നു പ്രവർത്തിക്കുമെന്നാണ് ഇവർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

ഓരോ ഗവർണറേറ്റിലും ഓരോ ബ്രാഞ്ച് എന്ന നിലയിൽ ആറു ഗവർണറേറ്റിലായി ഒരു ബാങ്കിന്‍റെ ആറു ശാ‌ഖകൾ പ്രവർത്തിക്കും എന്നാണ് സർക്കുലറിൽ പറയുന്നത്. ഏത് ശാഖയാണ് പ്രവർത്തിക്കുന്നത് എന്നറിയാൻ ബാങ്കുകളുടെ കോള്‍സെന്ററുകളിൽ വിളിച്ച് അന്വേഷിച്ചാൽ മതിയെന്നും കുവൈറ്റ് ബാങ്കിംഗ് അസോസിയേഷൻ സർക്കുലറിൽ വ്യക്തമാക്കുന്നു.