തൃശൂർ: തൃശൂർ പൂരം ഭംഗിയായി നടത്തേണ്ടത് കേരളസർക്കാരിന്റേയും ഓരോ കേരളീയന്റേയും ചുമതലയാണെന്ന് ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നതിനു കലക്റ്റർ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ആനകളെ ഒന്നും ഒരു പരിപാടിക്കും ഇറക്കുകയില്ലെന്ന് ആനപ്രേമികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ ഉമ്മൻ ചാണ്ടി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ തൃശൂർ പൂരം ഭംഗിയായി നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മുപ്പത് മണിക്കൂർ തുടർച്ചയയായി നടക്കുന്ന അനുഷ്ടാനങ്ങളാണ് പൂരത്തിന് ഉള്ളതെന്നും അതിന്റെ ഭാഗമാണ് വാദ്യവും കുടമാറ്റവും ആനകളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ നിലവിലുള്ള തർക്കങ്ങൾ അധികൃതർ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂർ പൂരത്തിന്റെ ചരിത്രപരമായ പ്രസക്തി അറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.