PAHWൽ ഫിംഗർ പ്രിൻറ് ഹാജർ സമ്പ്രദായം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ തൊഴിലാളി യൂണിയൻ രംഗത്ത്

കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിൽ ഫിംഗർപ്രിന്റ് ഹാജർ സമ്പ്രദായം നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനിടെ മുഴുവൻ തൊഴിലാളികളെയും ഉൾപ്പെടുത്തി 100 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള തീരുമാനം കോവിഡ് മാനദണ്ഡങ്ങളോടെ ഘട്ടം ഘട്ടമായി സാധാരണനിലയിലേക്ക് മടങ്ങണമെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽ‌ഫെയർ ലേബർ യൂണിയൻ മേധാവി അബ്ദുൾ റഹ്മാൻ അൽ-ഗാനിം പറഞ്ഞു.

തീരുമാനം നടപ്പാക്കുന്നതിൽ യൂണിയനുള്ള അഭിപ്രായവ്യത്യാസം അറിയിക്കുന്നതിനായി അടുത്തയാഴ്ച ഭവനവകുപ്പ് മന്ത്രിയും സേവനകാര്യ വകുപ്പ്മന്ത്രിയുമായ ഡോ. അബ്ദുല്ല മറാഫിക്ക് യൂണിയൻ കത്തു നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. കോവിഡിനെതിരായ ജാഗ്രത അവസാനിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ മറ്റു മന്ത്രാലയങ്ങൾ അവരുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് PAHW ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരെ സംരക്ഷിക്കാൻ മറ്റ് മന്ത്രാലയങ്ങളിലെ തെന്നപോലെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.

PAHW- ലെ സൈൻ-ഇൻ- സംവിധാനം താൽക്കാലികമായി നിർത്തിവച്ച് വർക്ക് ഐഡി ഉപയോഗിച്ച് ഫിംഗർപ്രിന്റ് ഹാജർ സംവിധാനം ഏർപ്പെടുത്താനുള്ള PAHW ഡയറക്ടർ ജനറൽ
ബദർ അൽ വഖ്യാൻ തീരുമാനം ഞെട്ടൽ ഉളവാക്കിയതായും തൊഴിലാളി യൂണിയൻ നേതാവ് പറഞ്ഞു. കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി സിവിൽ സർവീസ് കമ്മീഷന്റെ തീരുമാനത്തിന് വിരുദ്ധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.