കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി റെസ്റ്റോറന്റുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, സലൂണുകൾ , ഹെല്‍ത്ത് ക്ലബുകള്‍ തുടങ്ങിയവ അടയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ പാർലമെൻറ് അംഗങ്ങൾ.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിന് മുൻപായി പുനഃപരിശോധിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ചില മേഖലകളിലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും.
മന്ത്രിസഭാ തീരുമാനത്തില്‍ താന്‍ അതിശയിച്ചതായി എംപി ഒസാമ അല്‍ ഷഹീന്‍ പറഞ്ഞു. കൊവിഡ് വ്യാപനവുമായി ഈ നിയന്ത്രണങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇക്കാര്യം ആരോഗ്യമന്ത്രിയോട് താന്‍ ഉന്നയിക്കുമെന്നും അല്‍ ഷഹീന്‍ വ്യക്തമാക്കി.
അടച്ചുപൂട്ടല്‍ തീരുമാനം പുനപരിശോധിച്ച് പിന്‍വലിക്കണമെന്ന് എംപി യൂസഫ് അല്‍ ഫദാല ആവശ്യപ്പെട്ടു. സ്വകാര്യമേഖലയെയും ചെറുകിട, ഇടത്തരം സംരഭങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ തീരുമാനം പുനപരിശോധിക്കണമെന്ന് എംപി ഡോ. അബ്ദുല്ല അല്‍ തുരൈജിയും ആവശ്യപ്പെട്ടു.