ലക്ഷദ്വീപ് വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയത് മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണം- പി.ഡി.പി

0
11

കാസര്‍കോട്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കരണങ്ങള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെ അഭിനന്ദിക്കുന്നതായും ലക്ഷദ്വീപിനെ രക്ഷിക്കാന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും നിയമസഭയില്‍ പ്രമേയം കൊണ്ടുവരണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി പി.എം. സുബൈര്‍ പടുപ്പ് ആവശ്യപ്പെട്ടു.
ഇന്ത്യാ ഭൂഖണ്ഡത്തില്‍ നിരവധി ദ്വീപുകള്‍ ഉണ്ട്. വികസനമാണ് ലക്ഷ്യമെങ്കില്‍ അവിടങ്ങളില്‍ കടന്നുചെല്ലാറില്ല. എന്നാല്‍ ആദിവാസി സമൂഹമുള്ള രാമന്‍ഡ്യൂ ദ്വീപും മുസ്ലീങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപും തെരഞ്ഞെടുത്തത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ്. പിന്‍വാതിലിലൂടെ ഫാസിസ്റ്റ്വല്‍ക്കരിച്ച് നാടിനെ കച്ചവടവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററെ തന്നെ ലക്ഷദ്വീപിലേക്കയച്ചത് സംഘപരിവാറിന്‍റെ ഗൂഢാലോചനയാണ്. ഇന്ത്യയില്‍ മഹാഭൂരിപക്ഷമുള്ള ഹൈന്ദവ മതവിശ്വാസികള്‍ സംഘപരിവാറിനെ ചെവിക്കുപിടിച്ച് അറബിക്കടലില്‍ വലിച്ചെറിയുന്നതിനാലാണ് ഈ നാട് ഇത്തരുണത്തില്‍ രക്ഷപ്പെടുന്നത്. മതസൗഹാര്‍ദ്ദം തകര്‍ത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ഫാസിസ്റ്റുകള്‍ തുടരുന്നത്. ഇതിനെതിരായി ജനമനസാക്ഷി ഉണരണമെന്നും സുബൈര്‍ പറഞ്ഞു.
ആര്‍.എസ്.എസിന്‍റെ ഫാസിസ്റ്റ് അജണ്ടയെക്കുറിച്ച് വളരെ നേരത്തെ മുന്നറിയിപ്പുനല്‍കിയ ദീര്‍ഘവീക്ഷണമുള്ള ധീരനായ സമരപോരാളിയാണ് അബ്ദുല്‍ നാസര്‍ മഅ്ദനി. ഇപ്പോള്‍ അക്കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സംഘപരിവാറിന് മഅ്ദനിയെ ഭയമുള്ളതിനാലാണ് അദ്ദേഹത്തെ ആസൂത്രിതമായി തടങ്കല്‍പാളയത്തിലടച്ചത്. അത് തിരിച്ചറിയാന്‍ മതേതര കക്ഷികള്‍ക്ക് സാധിച്ചില്ലെന്നതാണ് നമ്മുടെ നാടിന്‍റെ പരാജയം എന്നും സുബൈര്‍ കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.