ഇന്ത്യയിൽ സുപ്രീം കോടതി ജഡ്ജി ,കേന്ദ്ര മന്ത്രിമാർ , പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ കേന്ദ്ര സർക്കാർ ചോർത്തിയെന്ന് ആരോപണം. ചാര സോഫ്റ്റുവെയറായ പെഗാസസിന്റെ നിർമ്മാതാക്കളായ എൻ എസ് ഓയിൽ നിന്ന് ചേർന്ന ഡേറ്റയിൽ നിന്നാണ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തു വന്നത്. മലയാളി മാധ്യമ പ്രവർത്തകരായ എം.കെ. വേണു , ജെ.ഗോപീകൃഷ്ണൻ , സന്ദീപ് ഉണ്ണിത്താൻ , സാമൂഹ്യ പ്രവർത്തകർ റോണാ വിൽസൻ , ഹാനീ ബാബു തുടങ്ങിയവർ ഫോൺ ചോർത്തലിന് ഇരകളായെന്നാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി കൊണ്ടാണ് ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്ത് വന്നത്. സർക്കാരുകൾക്ക് മാത്രം നൽകുന്ന ഇസ്രായേലി ചാര സോഫ്റ്റുവെയറായ പെഗാസസിന്റെ നിർമ്മാതാക്കളായ എൻ എസ് ഓയിൽ നിന്ന് ചോർന്ന് കിട്ടിയ വിവരങ്ങളാണ് ആരോപണത്തിന് അടിസ്ഥാനം. ഫ്രാൻസ് ആസ്ഥാനമായ ഫോർബിഡൻ സ്റ്റോറിസ് , ആംനെസ്റ്റി ഇന്റെർ നാഷണൽ എന്നിവർക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ 16 മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മ നടത്തിയ അന്വേഷണമാണ് ഫോൺ ചോർത്തൽ പുറത്തു കൊണ്ടു വന്നത്. മാധ്യമങ്ങൾക്ക് ലഭിച്ച നമ്പറുകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഫോണുകൾ പരിശോധിച്ചതിൽ നിന്ന് 37 ഫോണുകളെ പെഗാസസ് ലക്ഷ്യം വെച്ചതിന്റെ തെളിവുകൾ കിട്ടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 10 എണ്ണം ഇന്ത്യക്കാരുടെ നമ്പറുകളാണ്. ആകെ 300 ഇന്ത്യാക്കാരുടെ നമ്പറുകളാണ് എൻ എസ് ഓ യുടെ ഡേറ്റയിൽ നിന്നു ലഭിച്ചത്. സുപ്രീം കോടതി ജഡ്ജി , സുരക്ഷാ എജൻസികളുടെ തലവൻമാർ ,മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ഉണ്ട് പട്ടികയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനെതിരെ അന്വേഷണാത്മക വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ പ്രവർത്തക രോഹിണി സിംഗ്, സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്യുന്ന മനോജ് ഗുപ്താ, സന്ദീപ് ഉണ്ണിത്താൻ, വിജയ്താ സിംഗ്, ജെ ഗോപീകൃഷ്ണൻ തുടങ്ങി നാൽപ്പതോളം മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തിയെന്നാണ് വിവരം. ഫോൺ ചോർത്തലിന് വിധേയരായ മന്ത്രിമാരുടെ പേരുകൾ മാധ്യമ കൂട്ടായ്മ അടുത്ത ദിവസങ്ങളിൽ മാത്രമേ പുറത്തു വിടു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരി, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരിൽ ഒരാളായി അറിയപ്പെടുന്ന സ്മൃതി ഇറാനി എന്നിവരുടെ പേരുകളാണ് കേൾക്കുന്നത്. പ്രിയങ്കാ ഗാന്ധി, പ്രഫുൽ പട്ടേൽ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഫോൺ ചോർത്തലിന് വിധേയരായവരുടെ പട്ടികയിൽ ഉണ്ടെന്നാണ് വിവരം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപാണ് ഫോൺ ചോർത്തൽ നടന്നിരിക്കുന്നതെന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. ചോർന്ന ഡേറ്റയിലെ വിവരങ്ങളെ പെഗാസസ് നിർമ്മാതാക്കളായ എൻ എസ് ഓ തള്ളി കളഞ്ഞില്ല. പെഗാസസ് ഉപയോഗിച്ച് സർക്കാർ ലക്ഷ്യം വയ്ക്കുന്ന നമ്പറുകളല്ല ചേർന്നത്. കമ്പനിയുടെ ഉപയോക്താക്കൾ മറ്റെന്തെങ്കിലും ലക്ഷ്യത്തിന് ഉപയോഗിക്കുന്ന പട്ടികയാണ് പുറത്തു വന്നതെന്നും എൻ എസ് ഓ പ്രതികരിച്ചു.അതേസമയം വാർത്ത കേന്ദ്ര സർക്കാർ നിഷേധിച്ചു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ അതിശയോക്തി നിറഞ്ഞ റിപ്പോർട്ടാണ് പുറത്തുവന്നതെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.