ഫിലിപ്പീൻസിൽ നിന്ന് ഗാർഹിക തൊഴിലാളി നിയമനത്തിന് 10,000 ഡോളർ സാമ്പത്തിക ഗ്യാരണ്ടി നൽകണം

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ എത്തിക്കുന്നതിന് പുതിയ നിബന്ധനയുമായി ഫിലിപ്പീൻസ്. ഓരോ തൊഴിലാളിക്കും
10,000 ഡോളർ സാമ്പത്തിക ഗ്യാരണ്ടി നൽകണമെന്നാണ് ആവശ്യം. രണ്ട് ദിവസം മുൻപ് “സൂം” പ്ലാറ്റ്ഫോം വഴി കുവൈത്തിലെയും ഫിലിപ്പൈൻസിലെയും ഗാർഹിക തൊഴിലാളി നിയമന യൂണിയനുകളുടെ യോഗം നടന്നിരുന്നു ഇതിലാണ് പുതിയ ആവശ്യം അവർ ഉന്നയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിലെ മെമ്മോറാണ്ടം പാലിക്കുന്നതിനൊപ്പം പുതിയ നിബന്ധന ചേർക്കണമെന്നാണ് ആവശ്യം. കുവൈത്തിലെ യൂണിയൻ ഇത് നിരാകരിച്ചു.

ഇതിനുശേഷം കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ഓഫീസുകളുടെ സംഘടന പ്രതിനിധികൾ പത്രസമ്മേളനം നടത്തുകയും തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ വിശദീകരിക്കുകയും ചെയ്തു. ഒന്നോ രണ്ടോ രാജ്യങ്ങളിൽനിന്നും മാത്രം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് വൻ പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം എന്ന് അവർ മുന്നറിയിപ്പു നൽകി. ഈ രീതിയിൽ പോയാൽ ഗാർഹിക തൊഴിലാളികളെ ന്യായമായ വിലയിൽ നൽകാൻ കഴിയാതാവും, തൊഴിൽ വിപണിയിൽ ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന സാഹചര്യമുണ്ടാകുമെന്നും യൂണിയൻ പ്രസിഡൻ്റ് ഖാലിദ് അൽ ധഖ്നൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വീട്ടുജോലിക്കാരുടെ വരവ് റമദാനുളളിൽ ക്രമീകരിക്കണമെന്ന ആവശ്യം ഫിലിപ്പൈൻസിലെ യൂണിയൻ നിരാകരിച്ചു. ഈ ഒരു സാഹചര്യത്തിൽ ഫിലിപ്പീൻസിൽ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തലാക്കുന്ന പരിധി വരെ ഈ വിഷയം എത്തി നിൽക്കുന്നതായും ഖാലിദ് അൽ ധഖ്നൻ പറഞ്ഞു.