കുവൈറ്റ്: രാജ്യത്ത് ജോലിക്കെത്തുന്ന ഫിലിപ്പൈൻ സ്വദേശികള്‍ക്കെതിരെ അതിക്രമം വർധിച്ചു വരുന്നുവെന്നാരോപിച്ച് ഫിലിപ്പൈൻസ്. കുവൈറ്റിൽ ഗാർഹിക ജോലിക്കെത്തിയ ഒരു ഫിലിപ്പൈൻ യുവതി കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അതിക്രമങ്ങളെ അപലപിച്ച് ഫിലിപ്പൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഫിലിപ്പൈന്‍ സ്വദേശി കഴിഞ്ഞദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്പോൺസറായ കുവൈത്ത് പൗരനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിവരുകയാണ്. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് ഇവരെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ഫിലിപ്പൈനിൽ നിന്ന് ജോലിക്കെത്തുന്നവരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ വർഷം മെയിൽ ഇരുരാജ്യങ്ങളും തമ്മില്‍ കരാർ ഒപ്പു വച്ചിരുന്നു. ഗാർഹിക തൊഴിലാളികൾക്ക് നേരെ അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ ആ ഉടമ്പടിയുടെ അന്തസത്തയാണ് ഇപ്പോൾ ലംഘിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഫിലിപ്പൈൻ വിദേശകാര്യ വകുപ്പ് വിമർശിക്കുന്നത്. തൊഴിൽ ഉടമകളുടെ കീഴിൽ തങ്ങളുടെ രാജ്യക്കാർ ഒട്ടും സുരക്ഷിതരല്ലെന്ന് കാര്യം വ്യക്തമാക്കിയുള്ള പ്രതിഷേധം നേരിട്ടറിയിക്കാൻ ഫിലിപ്പൈൻസിലെ കുവൈറ്റ് അംബാസഡർക്ക് വിദേശകാര്യ വകുപ്പ് സമന്‍സും അയച്ചിട്ടുണ്ട്.