സഖാവ് ഇ കെ നായനായരെക്കുറിച്ചുള്ള ഓർമ്മ കുറിപ്പുമായി പിണറായി വിജയന്‍.

0
18

‘ആധുനിക കേരളത്തിന്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ല്‍ തന്റെ ഇരുപതാമത്തെ വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ സഖാവിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിന്റെ സമസ്തമേഖലകളേയും സ്പര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി-കര്‍ഷക സമര നായകന്‍, സംഘാടകന്‍, ഭരണാധികാരി, പ്രഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കേരളത്തിന്റെ ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാര്‍.

പ്രതിസന്ധികളില്‍ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. എക്കാലത്തും മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് കരുത്തു പകര്‍ന്നു. തൊഴിലാളി വര്‍ഗ വിമോചനത്തിനായി, നാടിന്റെ നന്മയ്ക്കായി പാര്‍ട്ടി മുന്നോട്ടു വച്ച ആശയങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട്, തന്റെ ഉത്തരവാദിത്വം വിട്ടുവീഴ്ചയില്ലാതെ നിറവേറ്റിയ സഖാവ് തീര്‍ത്തത് അനുപമമായ മാതൃകയാണ്.

ഒരു രക്ഷിതാവിനെപ്പോലെ സഖാവ് നല്‍കിയ അറിവും അനുഭവപാഠങ്ങളും ഞങ്ങളുടെയെല്ലാം വഴികാട്ടിയായിട്ടുണ്ട്. അസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓര്‍മ്മകള്‍ പകരുന്ന ഊര്‍ജ്ജം നമ്മുടെ കരുത്തായി മാറുകയാണ്. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ സഖാവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഈ നായനാര്‍ ദിനം അത്തരത്തില്‍ അര്‍ത്ഥപൂര്‍ണമാകട്ടെ.