വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് മോദി എത്തിയത്. ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവ ചര്‍ച്ച വിഷയമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി പ്രധാനമന്ത്രി ക്ഷണിച്ചുവെന്നും റിപ്പോർട്ടുണ്ട്.
അരമണിക്കൂർ നിശ്ചയിച്ച കൂടിക്കാഴ്ചയാണ് ഒരു മണിക്കൂറിലേറെ നീണ്ടത്. ഇന്ത്യയിലെ കൊവിഡ് സാഹചര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി. പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.