തിരുവനന്തപുരം: 15-ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് കേരളം സജ്ജമായി , ജന വിധി നിർണയിക്കാൻ നാളെ പോളിങ് ബൂത്തിലേക്ക് . 140 നിയമസഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2.74 കോടി വോട്ടർമാർക്ക് ഇത്തവണ സമ്മതിദാന അവകാശമുണ്ട്.നിശബ്ദ പ്രചാരണ ദിവസം അവസാന മണിക്കൂറുകളിലും പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികളും മുന്നണികളും.
നാളെ രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണ് വോട്ടെടുപ്പ്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളായതിനാലാണ് ഇത്.