കുവൈത്ത് സിറ്റി: ഏതാനും ദിവസങ്ങൾക്കുള്ളിൽ നുവൈസീബിലെ ഐസി 1, ഐസി 2 പാലങ്ങൾ തുറക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (പാർട്ട്) വൃത്തങ്ങൾ അറിയിച്ചു. നുവൈസീബ് റോഡിലെ പാലങ്ങളുടെയും കവലകളുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി 169,500 ദശലക്ഷം ദിനാർ ചെലവ് വരുന്ന പദ്ധതിയാണ് പാർട്ട് നടപ്പാക്കുന്നത്. തെക്കൻ അതിർത്തി റോഡുകളുടെ ഗതാഗത വികസനം, ഫ്ലൈ ഓവറുകളും ഹൈവേ സവിശേഷതകളും ഉപയോഗിച്ച് ബൈപാസ് ഗതാഗതം സുരക്ഷിതമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് രണ്ട് പാലങ്ങൾ തുറക്കുന്നതെന്ന് പാർട്ട് വൃത്തങ്ങൾ വിശദീകരിച്ചു.6 പാതകളും കവലകളും ഉള്ള 37 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിലെ എല്ലാ പാലങ്ങൾക്കും പുറമേ രണ്ട് പാതകളുള്ള ഒരു ഓവർപാസ് പാലവും ഉൾക്കൊള്ളുന്നുണ്ട്.