രണ്ടാം ഡോസ് വാക്സിനേഷന് പുതിയ കേന്ദ്രം ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

0
52

കുവൈത്ത് സിറ്റി: മിഷ്രിഫ് ഗ്രൗണ്ടിലെ ആറാം ഹോളിൽ സജ്ജമാക്കിയ പുതിയ വാക്സിനേഷൻ കേന്ദ്രം പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലിദ് അൽ ഹമ്മദ് അൽ- സബാ ഉദ്ഘാടനം ചെയ്തു. ഉപപ്രധാനമന്ത്രി അനസ് ഖാലിദ് അൽ സലേഹ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ബാസിൽ ഹമ്മദ് അൽ സബാ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ഘട്ട വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായാണ് ആറാം ഹോളിൽ പുതിയ വാക്സിനേഷൻ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇവിടെവച്ച് രണ്ടാംഘട്ട കുത്തിവെപ്പ് എടുത്തു. ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അദ്ദേഹത്തോടൊപ്പം രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തു.

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ആയിരുന്നു കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചത് പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തെ എല്ലാവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് വരെ ക്യാംപെയിൻ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.