അമീരി കാരുണ്യം: ദേശീയ ദിനത്തിന് മുമ്പ് തടവുകാരെ വിട്ടയക്കില്ലെന്ന് അധികൃതർ

0
31

കുവൈറ്റ് : അമീരി കാരുണ്യത്തിൽ ശിക്ഷയിളവ് ലഭിക്കുന്ന തടവുകാരെ ദേശീയ ദിനത്തിന് മുമ്പ് തന്നെ വിട്ടയക്കുമെന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ. ഇത്തരത്തിൽ ശിക്ഷയിളവ് ലഭിക്കുന്നവർ ഉടൻ തന്നെ മോചിതരാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ പ്രതികരണം. അമീരി കാരുണ്യത്തിനായുള്ള തടവുകാരുടെ പട്ടിക തയ്യാറാകുന്നതെയുള്ളുവെന്നും അടുത്ത ആഴ്ചയോടെയാകും അമീരി ദിവാന് സമര്‍പ്പിക്കുന്നതെന്നും വ്യക്തമാക്കിയ ചില സുരക്ഷവൃത്തങ്ങൾ, ദേശീയ ദിനമായ ഫെബ്രുവരി 25ന് മുമ്പ് ആരും മോചിതരാകില്ലെന്നും വ്യക്തമാക്കി.

ഇത്തവണ അമീരി കാരുണ്യം വഴി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരത്തോളം തടവുകാർക്ക് ശിക്ഷായിളവ് ലഭിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇറാഖി അധിനിവേശ കാലത്ത് അവരുമായി സഹകരിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ട ആളുകളെയും ഈ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിര്‍ദേശം അമീരി കാരുണ്യ കമ്മിറ്റി മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഇത് അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചില വിശ്വസ്ത സ്ത്രോതസുകളെ ഉദ്ദരിച്ച് റിപ്പോർട്ടുകളെത്തുന്നുണ്ട്. ഇത്തരത്തിൽ തടവിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന ആവശ്യം മുൻപ് നിരസിക്കപ്പെട്ടിട്ടുള്ളതിനാൽ ഈ ഒരു വിവരം ശ്രദ്ധേയം തന്നെയാണ്.

രാജ്യത്തെ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് അമീരി കാരുണ്യം പ്രഖ്യാപിക്കുന്നത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ് അ​ന്തി​മ​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന ജോ​ലികൾ സമിതി ഇതിനോടകം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തടവുകാലത്തെ പെരുമാറ്റം കണക്കിലെടുത്ത് മോചനമോ ശിക്ഷാ കാലാവധി കുറച്ചു കൊടുക്കുകയോ ചെയ്യുകയാണ് പതിവ്. തീവ്രവാദം, ദേശസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരെ അമീരി കാരുണ്യ പട്ടികയിൽ ഉൾപ്പെടുത്താറില്ല.