തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിൽ നടന്ന ചർച്ചയിൽ ശുഭപ്രതീക്ഷയെന്ന് ഉദ്യോഗാർഥികൾ. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ് കിട്ടിയതായും ചർച്ചയിൽ പങ്കെടുത്ത ലയ രാജേഷ് പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയും എഡിജിപി മനോജ് എബ്രാഹാമുമാണ് പിഎസ് സി ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്. എന്നാൽ സർക്കാർ തീരുമാനം ഉത്തരവായി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ലയ പറഞ്ഞു.
തങ്ങളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ പ്രതിനിധികൾ അറിയിച്ചുവെന്നും എന്നാൽ, ചില കാര്യങ്ങൾ നടക്കില്ലെന്ന് തന്നെ അവർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ നിവേധനമായി അവർക്ക് നൽകി. തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് അവർ പറഞ്ഞിരിക്കുന്നതെന്നും ലയ കൂട്ടിച്ചേർത്തു.