സീറ്റ് നിഷേധിക്കപ്പെട്ടതിന് പിറകെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആർ ബാലശങ്കർ. കെ സുരേന്ദ്രനും, വി മുരളീധരനും ചേർന്നാണ് തൻ്റെ സ്ഥാനാർഥിത്വം ഇല്ലാതാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. മാഫിയ സ്വഭാവം ഉള്ളവരാണ് കേരളത്തിലെ നേതൃത്വമെന്നും ബാലശങ്കര്‍ ആരോപിച്ചു.
കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശത്തെ തുടർന്നാണ് മണ്ഡലത്തിലെത്തി പ്രാഥമിക ചർച്ചകളും പ്രവർത്തനങ്ങളും ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മണ്ഡലത്തില് സജീവമായിരുന്നു. വിവിധ ജാതി, മത ഘടനകളും ഒരു പോലെ മണ്ഡലത്തിലെ തന്‍റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ മൂലമാണെന്നും ബാലശങ്കർ ആരോപിച്ചു. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്‍റെ മുൻ പത്രാധിപർ കൂടിയായ ബാലശങ്കറിനെ ചെങ്ങന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സൂചനകള്‍ വന്നിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അപ്രതീക്ഷിതമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.