റഫാൽ യുദ്ധ വിമാന ഇടപാടിൽ ഫ്രാൻസിൽ അന്വേഷണം

ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടിൽ ഫ്രാൻസിൽ അന്വേഷണം തുടങ്ങി. ഫ്രഞ്ച് പബ്ളിക് പ്രോസിക്യൂഷൻ സർവ്വീസാണ് അന്വേഷണം നടത്തുന്നത്. ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിക്ക് വലിയ തോതിൽ നേട്ടമുണ്ടായെന്ന ആരോപണത്തിൽ ഉൾപ്പെടെയാണ് അന്വേഷണം. ഇന്ത്യയിൽ ഉയർന്ന ആരോപണങ്ങൾ സുപ്രീകോടതി, സിഎജി എന്നിവർ തള്ളി കളഞ്ഞിരുന്നു.

ദസ്സോ ഏവിയേഷൻ നിർമ്മിച്ച 36 റഫാൽ യുദ്ധ വിമാനങ്ങൾ 59000 കോടി രൂപയ്ക്ക് ഇന്ത്യയ്ക്ക് നൽകുന്ന കരാറിനെ കുറിച്ചാണ് അന്വേഷണം. ഫ്രഞ്ച് പബ്ളിക് പ്രോസിക്യൂഷൻ സർവ്വീസിന്റെ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തത്. ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ജൂൺ 14 ന് തുടങ്ങിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടപാടിൽ അന്വേഷണം നടത്താൻ ഫിനാൻഷ്യൽ ക്രൈം ബ്രാഞ്ച് മുൻപ് തയ്യാറായിരുന്നില്ല. പുതിയ മേധാവി വന്നതാണ് അന്വേഷണത്തിന് വഴിയൊരുങ്ങയത്. കരാർ ഒപ്പിടുന്ന സമയത്ത് ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന ഫ്രാൻസ്വ ഓലന്ദിന്റെ ഇടപെടൽ, രഹസ്യ ഇടപാട് , ഇട നിലക്കാരന്റെ സാന്നിധ്യം,അനുബന്ധ കരാറിന്റെ ഭാഗമായ അനിൽ അംബാനിക്ക് ഉണ്ടായ നേട്ടം ഉൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയാപാർട്ടിന്റെ റിപ്പോർട്ട് പറയുന്നു. കരാറിലെ അഴിമതിയെ കുറിച്ച് മീഡിയാ പാർട്ട് പരമ്പര ചെയ്തിരുന്നു. കരാറിനെ കുറിച്ച് ഇന്ത്യയിലും ആരോപണം ഉയർന്നിരുന്നു. അധിക വിലയ്ക്കാണ് വിമാനം വാങ്ങിയതെന്നും, സാങ്കേതിക വിദ്യാ കൈമാറ്റം ഉണ്ടായില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ആരോപണങ്ങൾ സുപ്രീം കോടതിയും സി എ ജിയും തള്ളുകയായിരുന്നു. 2016ലാണ് റഫാൽ യുദ്ധ വിമാനങ്ങൾക്കായി ഇന്ത്യൻ ഫ്രഞ്ച് സർക്കാരുകൾ തമ്മിൽ കരാറിലെത്തിയത്.