കുവൈത്ത് സിറ്റി : കുവൈത്തിലെ താമസ വിസ നിയമലംഘകർക്ക് പ്രതീക്ഷയ്ക്ക് വക നൽകി, റെസിഡൻസി നിയമങ്ങളിൽ കാതലായ ഭേദഗതി നിർദ്ദേശം. റസിഡൻസി നിയമലംഘകർക്ക് പിഴയോ ശിക്ഷയോ കൂടാതെ താമസ രേഖകൾ നിയമ വിധേയമാക്കാൻ ആറുമാസത്തെ സാവകാശം നൽകണം എന്നാണ് നിർദ്ദേശങ്ങളിലൊന്ന് . താമസ കാര്യ വിഭാഗമാണ് ഇത് സംബന്ധിച്ച്ആഭ്യന്തര മന്ത്രാലയത്തിനു നിർദ്ദേശം സമർപ്പിച്ചത്.
നിലവിൽ രാജ്യത്ത് സന്ദർശക വിസയിലെത്തി നിയന്ത്രണങ്ങൾ മൂലം കുടുങ്ങിപ്പോയ നിരവധി പേരുണ്ട്. ഇവരിൽ താല്പര്യമുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുവദിക്കണം എന്ന സുപ്രധാന നിർദ്ദേശവും ഇതിലുണ്ട്. അതോടൊപ്പം തന്നെ 60 വയസ്സ് കഴിഞ്ഞവരുടെ താമസ രേഖ പുതുക്കി നൽകേണ്ട എന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. നിലവിൽ രാജ്യത്തെ രണ്ടേകാൽ ലക്ഷത്തോളം വരുന്ന റെസിഡൻസി നിയമലംഘകർക്ക് ഏറെ ഗുണപ്രദമാകുന്ന നിർദ്ദേശങ്ങളാണ് ആഭ്യന്തര മന്ത്രി ഷൈഖ് തമർ അൽ അലി അൽ സബാഹിന്റെ പരിഗണനക്കായി സമർപ്പിച്ചിരിക്കുന്നത്.
പിഴ അടക്കാൻ നിർവ്വാഹമില്ലാതെ അനധികൃതമായി കുടുംബ വിസയിൽ കഴിയുന്നവർക്ക് സൗജന്യമായി താമസ രേഖ പുതുക്കി നൽകുക , ആശ്രിത വിസയിൽ കഴിയുന്ന ഭാര്യ, 21 വയസ്സ് പ്രായമായ മക്കൾ, എന്നിവർക്ക് തൊഴിൽ വിസയിലേക്ക് മാറ്റം അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടും.
ഭാഗിക പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടും രാജ്യത്തെ അനധികൃത താമസക്കാർ പ്രയോജനപ്പെടുത്താത്തതിനെ തുടർന്നാണ് പുതിയ നിർദേശങ്ങൾ സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. അതു കൂടാതെ നിലവിൽ രാജ്യത്ത് രൂക്ഷമായ തൊഴിലാളി ക്ഷാമം നിലനിൽക്കുന്നുണ്ട്, ലഭ്യമായ മാനവവിഭവശേഷിയെ പൂർണതോതിൽ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കുക എന്നത് കൂടിയാണ് നീക്കത്തിനു കാരണം എന്നാണ് സൂചന.