കുവൈത്ത് സിറ്റി : പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന് ആവശ്യം വീണ്ടും ഉയരുന്നു. ഇതുസംബന്ധിച്ച് കുവൈറ്റ് പാർലമെൻറിൽ വീണ്ടും കരടുപ്രമേയം അവതരിപ്പിച്ചു.പാർലമെൻറിലെ പ്രതിപക്ഷ എംപിമാരായ ഉസാമ അൽ ഷാഹീൻ, അബ്ദുൽ അസീസ് അൽ സഖാബി, ഹമദ് അൽ മത്വർ, ഷുഹൈബ് അൽ മുവൈസിറി,ഖാലിദ് അൽ ഒതൈബി എന്നിവരാണ് കരടു ബിൽ അവതരിപ്പിച്ചിരിക്കുന്നത്.
കുവൈത്തിൽ നിന്ന് എല്ലാ രാജ്യങ്ങളിലേക്കും അയയ്ക്കുന്ന അയക്കുന്ന തുകയ്ക്ക് 2.5 ശതമാനം നികുതി ചുമത്തണമെന്നാണു ബില്ലിലെ ആവശ്യം. ഇതുവഴി പ്രതിവർഷം ഏറ്റവും കുറഞ്ഞത് 10 കോടി ദിനാർ പൊതു ബജറ്റിൽ വകയിരുത്താൻ ആകും. ഇതോടെ പ്രവാസികൾ സ്വദേശത്തേക്ക് അയക്കുന്ന ഓണത്തിൻ്റെ തോത് കുറയ്ക്കാൻ സാധിക്കുമെന്നും ബില്ലിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതിനായി 1969 രൂപീകരിച്ച വിദേശനാണയ വിനിമയ ചട്ടത്തിൽ ഭേദഗതി വരുത്തണം. തുടർന്ന് പ്രാദേശിക, വിദേശ ബാങ്കുകൾ, ധന വിനിമയ സ്ഥാപനങ്ങൾ എന്നിവക്ക് കുവൈത്ത് സെന്റ്രൽ ബേങ്ക് നിർദ്ദേശം പുറപ്പെടുവിക്കണമെന്നും കരടു പ്രമേയത്തിൽ ആവശ്യപ്പെടുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന നിർദേശവും കരട് ബിൽ മുന്നോട്ടുവയ്ക്കുന്നു. സമാനമായ ബില്ല് നേരത്തെയും പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ടിരുന്നു . എന്നാൽ അംഗീകാരം ലഭിക്കാത്തതിനാൽ നടപ്പിലായില്ല. എന്നാൽ പ്രതിപക്ഷ അംഗങ്ങൾക്ക് മുൻ തൂക്കമുള്ള നിലവിലെ പാർലമെന്റിൽ ബില്ലിനു അംഗീകാരം ലഭിക്കുവാനുള്ള സാധ്യതയുണ്ട്.