മുഴുവൻ ജീവനക്കാരും വാക്സിനെടുത്ത ശേഷമേ റെസ്റ്റോറന്റുകളിലും, കഫേകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ

കുവൈത്ത് സിറ്റി:  കുവൈത്തിൽ റെസ്റ്റോറന്റുകൾ, കാറ്ററിംഗ് കമ്പനികൾ, കഫേകൾ എന്നിവയിലെ എല്ലാ തൊഴിലാളികൾക്കും ജീവനക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ആരോഗ്യ മന്ത്രാലയം വ്യക്തമായ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ.

കർഫ്യൂവിൽ അടക്കം ഇളവുകൾ പ്രഖ്യാപിച്ചുവെങ്കിലും രാജ്യത്തെ  റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിശദീകരണം . വാക്സിൻ സ്വീകരിച്ചവർക്ക് പോലും ഭക്ഷണശാലകളിൽ  ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല. ഭക്ഷണം പാഴ്സലായി വാങ്ങുന്നതിനും , ഡെലിവറി സേവനങ്ങൾക്കും  മുൻപത്തേതിന് സമാനമായി അനുമതി ഉണ്ട്.

രാജ്യത്തെ  ഭക്ഷണശാലകളിൽ തൊഴിലെടുക്കുന്നവരുടെ വാക്സിനേഷൻ പൂർത്തിയാകാത്തതാണ് ഈ അനുമതി നൽകാത്തതിന് കാരണമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്തെ തിയേറ്ററുകളിൽ വൻ സ്വീകരിച്ചവർക്ക് പ്രവേശന അനുമതി നൽകിയിട്ടുണ്ട്. തീയേറ്ററുകളിലെ തൊഴിലാളികൾ എല്ലാവരും വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലായിരുന്നു ഇതെന്നും അധികൃതർ വ്യക്തമാക്കി.

ഇതുവരെ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത എല്ലാ റെസ്റ്റോറന്റ് തൊഴിലാളികളോടും  പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് മുൻകൈയെടുക്കണമെന്നും ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾക്ക് ശേഷം ഭക്ഷണശാലകൾ  പൂർണമായുംം തുറന്നു പ്രവർത്തിക്കുന്നതിന് ഇത് അനിവാര്യമാണെന്നുംനും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .