കുവൈത്ത് സിറ്റി: വ്യക്തിവൈരാഗ്യത്തെ തുടർന്ന് നാലുപേർ ചേർന്ന് കുവൈത്ത് സ്വദേശിയായ യുവാവിൻ്റെ വിരൽ അറുത്തെടുത്തു. മൂന്ന് കുവൈത്ത് സ്വദേശികളായ യുവാക്കളും ഒരു ബദൗനും സമൂഹത്തിൽ അറസ്റ്റിലായി. ഇരയ്ക്ക് സ്ഥിരമായ അംഗവൈകല്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ആക്രമണമെന്ന് പോലീസ് സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രശസ്തമായ പാർക്കിലെ വാഹന പാർക്കിംഗ് സ്ഥലത്തായിരുന്നു സംഭവം നടന്നത്. ചോദ്യം ചെയ്യലിനിടെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചു. ഷാബിലെ പാർക്കിനുള്ളിൽ ഇരയുമായും വാഗ്വാദത്തിൽ ഏർപ്പെട്ടതായി ഇവർ സമ്മതിച്ചു. വാക്കേറ്റത്തെത്തുടർന്ന് അവർ പരസ്പരം ആക്രമിക്കാൻ തുടങ്ങിയെന്നും പിന്നീട് ഇരയുടെ വിരൽ മുറിച്ചുമാറ്റിയെന്നും പ്രതികൾ മൊഴിനൽകി.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബദൗൻ യുവാവ് ഒരു കെട്ടിടത്തിന്റെ ഗോവണിയിൽ വീണു സ്വയം പരിക്കേറ്റു. നാല് പ്രതികളും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് അയച്ചു. കേസ് ഫയലുമായി ബന്ധപ്പെട്ട് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിൽ ഇരയെ മർദ്ദിച്ചതായും കത്തി ഉപയോഗിച്ച് വിരൽ മുറിച്ചതായും പറയുന്നുണ്ട്.