കുവൈത്ത് സിറ്റി : നീറ്റ് പരീക്ഷകള്‍ക്ക് കുവൈത്ത്, ദുബൈ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ രിസാല സ്റ്റഡി സര്‍ക്കിള്‍ സ്വാഗതം ചെയ്തു. ഇത് സംബന്ധിച്ച് 2020 ജൂണില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ആര്‍ എസ് സി കത്തയച്ചിരുന്നു. അതോടൊപ്പം ഇത്തരം പരീക്ഷകള്‍ക്ക് വെര്‍ച്ച്വല്‍ സംവിധാനം കൊണ്ടുവരണമെന്ന് ആര്‍ എസ് സി ആവശ്യപ്പെട്ടു.
കൊവിഡ് രണ്ടാം തരംഗം വ്യാപകമാകുകയും വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. അതോടൊപ്പം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി കേന്ദ്രങ്ങള്‍ അനുവദിക്കേണ്ടതുണ്ടെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുപരീക്ഷകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സ്ഥിരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. കുറ്റമറ്റ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് രാജ്യാന്തര മാതൃകകള്‍ ഉണ്ടായിരിക്കെ അവ എളുപ്പവുമാണ്. പഠനവും പരീക്ഷകളും ഡിജിറ്റല്‍ വത്കരിക്കപ്പെട്ട ഈ കാലത്ത് നൂതന സാങ്കേതിക സംവിധാനങ്ങള്‍ സജ്ജീകരിച്ച് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കകള്‍ കൂടി അകറ്റാന്‍ ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.