ആർ എസ് സി ‘തർതീൽ’22;  ഹോളി ഖുർആൻ മത്സരങ്ങൾക്ക്‌ തുടക്കം. 

0
27
കുവൈത്ത് സിറ്റി : ഖുർആൻ വാർഷിക മാസം എന്നറിയപ്പെടുന്ന പുണ്യറമളാനിൽ ‘തർതീൽ-’22’ എന്ന പേരിൽ ഗൾഫിലുടനീളം ആർ എസ്‌ സി സംഘടിപ്പിക്കുന്ന ഹോളിഖുർആൻ മത്സരങ്ങൾക്കും അനുബന്ധപരിപാടികൾക്കും ഔദ്യോഗിക തുടക്കമായി.  തൊള്ളായിരത്തി പതിനാറ്‌ പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭിച്ച തർതീൽ സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക്‌‌ ശേഷം മെയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനൽ മത്സരത്തോടെ പരിസമാപ്‌തിയാകും.
മനുഷ്യനെ നേർവഴിയിൽ നയിക്കാനും സമാധാന പാത പുൽകാനും വഴികാട്ടിയായ ഖുർആൻ അവതരിച്ച വ്രതമാസത്തിൽ സംഘടന ആചരിക്കുന്ന ‘വിശുദ്ധ റമളാൻ; വിശുദ്ധ ഖുർആൻ’ എന്ന ക്യാംപയിനിന്റെ ഭാഗമായാണ്‌ തർതീൽ സംഘടിപ്പിക്കുന്നത്‌.
വിദ്യാർഥികൾക്കും യുവാക്കൾക്കും ഖുർആൻ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത്‌ മികവ്‌ തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാർഷികപരിപാടിയായി സംഘടിപ്പിക്കുന്ന തർതീലിന്റെ അഞ്ചാമത്‌ പതിപ്പാണ്‌ ഇക്കൊല്ലം നടക്കുന്നത്‌.
ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് എന്നിവയാണ്‌ പ്രധാന മൽസര ഇനങ്ങൾ. കൂടാതെ ഖുർആൻ പ്രഭാഷണങ്ങൾ, ഇഫ്‌താർ എന്നിവയും മത്സരത്തോടനുബന്ധിച്ച്‌ നടക്കും.
സൗദി വെസ്റ്റ്, യു എ ഇ, സൗദി ഈസ്റ്റ്, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളിൽ മത്സരാർഥികളായി മാത്രം അയ്യായിരം പേർ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. പ്രത്യേകം തയാറാക്കിയ പോർട്ടിൽ വഴി രജിസ്റ്റർ ചെയ്തവർക്കാണ്‌ മത്സരങ്ങൾക്ക്‌ അവസരം നൽകുന്നത്‌.