തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് എതിരെ കൂടുതൽ ആരോപണങ്ങൾ. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേര് പറയാൻ ഇടി ഉദ്യോഗസ്ഥർ നിർബന്ധിച്ചതായി കാണിച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായരുടെ കത്തിലുണ്ട്.
മുഖ്യമന്ത്രി, മറ്റു മന്ത്രിമാര, ഒരു ഉന്നത നേതാവിന്റെ മകൻ എന്നിവരുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ നിർബന്ധിച്ചു എന്നാണ് സന്ദീപ് നായർ കത്തിൽ പറയുന്നു. ഇ ഡി ആവശ്യപ്പെടുന്നതു പോലെ ചെയ്താൽ പേര് പറഞ്ഞാൽ ജാമ്യം നേടാൻ സഹായിക്കാമെന്ന് പറഞ്ഞതായും കത്തിൽ പറയുന്നു. ഇ ഡിയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിലാകുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും സന്ദീപ് നായർ ആരോപിച്ചു. അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിലപാട്. നേരത്തെ സമാനമായി, കേസിൽ മുഖ്യമന്ത്രിയുടെെ പേര് പറയാൻ സ്വപ്നയെ ഇഡി നിർബന്ധിച്ചതായി വനിത പോലീസ്് ഉദ്യോഗസ്ഥ മൊഴി നൽകിയിരുന്നു.ഇഡിയ്ക്കെതിരെ നൽകിയ ഈ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്.