റിയാദ്: തലസ്ഥാനനഗരമായ റിയാദിനെ ലോക നിറുകയിൽ എത്തിക്കാനുള്ള പദ്ധതിയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്. 2030 ആകുമ്പോഴേക്കും റിയാദിലെ നിവാസികളെ 7.5 ദശലക്ഷത്തിൽ നിന്ന് 15-20 ദശലക്ഷമായി ഉയർത്താനാണ് പദ്ധതിയിടുന്നതെന്ന് സൽമാൻ രാജകുമാരൻ പറഞ്ഞു.
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ നഗര സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. സൗദിയിൽ നടന്ന
ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഓർഗനൈസേഷൻ (എഫ്ഐഐ) ഉച്ചകോടിക്കിടെ ആയിരുന്നു ഈ പ്രഖ്യാപനം എന്ന് അൽ അറേബ്യ ടിവി റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനവും റിയാദിൽ നിന്നാണ്. റിയാദിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചെലവ് സൗദി അറേബ്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറവാണ്, അടിസ്ഥാന സൗകര്യ വികസനത്തിനും റിയൽ എസ്റ്റേറ്റ് വികസനത്തിനും 29 ശതമാനം കുറവാണെന്നും പദ്ധതിയെക്കുറിച്ച് സംസാരിക്കവെ സൽമാൻ രാജകുമാരൻ പറഞ്ഞു
റിയാദിലെ ജീവിത നിലവാരം, ടൂറിസം, വിദ്യാഭ്യാസം എന്നിവ വിവിധ സംരംഭങ്ങളിലൂടെ മെച്ചപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്