സൗദിയില്‍ ഫാമിലി വിസിറ്റ് വിസ നടപടിക്രമങ്ങള്‍ ലളിതമാക്കി

0
15

റിയാദ്: സൗദിയില്‍ ഫാമിലി വിസിറ്റ് വിസകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി . വിസയ്ക്ക് അപേക്ഷിച്ച് മൂന്ന് ദിവസത്തിനകം അത് അനുവദിക്കുമെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലില്‍ അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് മൂന്നു ദിവസത്തിനകം വിസകള്‍ ലഭ്യമാക്കുക. . ചില സന്ദര്‍ഭങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കുള്ള സന്ദര്‍ശക വിസ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കിയത്.

മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനകം വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസക്ക് അപേക്ഷിക്കുന്നവര്‍ ഇതിനുള്ള വ്യവസ്ഥകളും നിബന്ധനകളും കൃത്യമായി പാലിച്ചിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ വര്‍ക്ക് വിസയുള്ള വ്യക്തിയായിരിക്കുക, അപേക്ഷകന്റെ താമസ രേഖക്ക് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക, വിദേശ കാര്യ മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.