റിയാദ് ഫെസ്റ്റിവല്‍ സീസണ്‍-2ന് തുടക്കമായി

റിയാദ്: വർണ്ണാഭമായ രാവുകൾക്ക് തിരിതെളിച്ച് റിയാദ് ഫെസ്റ്റിവലിന്റെ രണ്ടാം സീസണിന് തുടക്കം. 1500 നർത്തകർ അണിനിരന്ന ഉദ്ഘാടന പരേഡ് ആസ്വാദനത്തിൻ്റെ പുതു തലങ്ങളാണ് തുറന്നിട്ടത്.
2760 ഡ്രോണ്‍ വിമാനങ്ങള്‍ ആകാശത്ത് നിറങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്തു. ഏഴര ലക്ഷത്തോളം പേരാണ് ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാന്‍ പരേഡ് ഗ്രൗണ്ടിലെത്തിയത്. അതോടൊപ്പം ടിവി ചാനലുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പരിപാടികള്‍ വീക്ഷിച്ചു.

ഉദ്ഘാടന ദിവസം ലോകപ്രശസ്ത അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുള്‍ നയിച്ച സംഗീത നിശയില്‍ പങ്കെടുക്കാനായി എത്തിയത് രണ്ടര ലക്ഷത്തിലേറെ ആസ്വാദകരാണ് . കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയ ശേഷം സൗദിയില്‍ നടക്കുന്ന ഏറ്റവും വലിയ സംഗീത പരിപാടിയാണിത്.

നിരവധി പ്രാദേശിക, അന്തര്‍ദേശീയ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി. കിംഗ് ടവര്‍, അല്‍ മജ്ദൂല്‍ ടവര്‍ എന്നിവിടങ്ങളിലും പരിപാടികള്‍ നടന്നു. ഫ്‌ളൈയിംഗ് മാന്‍ ഷോയും ജനങ്ങളുടെ കൈയടി നേടി.പരേഡ് ഗ്രൗണ്ടില്‍,ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിധ്യം പരിചയപ്പെടുത്തി കൊണ്ടുള്ള 88 ട്രക്കുകള്‍ നടത്തിയ പ്രദര്‍ശനവും ശ്രദ്ധേയമായി.