ജിദ്ദ: സൗദിയില്‍ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ ഇഖാമ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നു. ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് അനുസൃതമായി ഇഖാമ ലെവിയും തവണകളായി അടക്കുന്നതിനുള്ള സംവിധാനവും പ്രാബല്യത്തില്‍ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിര്‍ അഫ്‌റാദ് പ്ലാറ്റ്‌ഫോമില്‍ ഇഖാമ പുതുക്കുന്നതിനും ലെവി അടയ്ക്കുന്നതിനും ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. അതേപോലെ പുതിയ ആശ്രിതരെ ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ലഭ്യമാണ്.
പുതിയ രീതിയനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാം. തൊഴിലാളിയുടെ ജോലി നിലവിലെ സ്‌പോണ്‍സറില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളും അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ പുതുതായി സജ്ജീകരിച്ചിട്ടുണ്ട്.