റിയാദ്: സൗദിയിൽ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ റസ്റ്റോറൻറ്കൾ തുടങ്ങി പ്രവാസികൾ കൂടുതലും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൂചന. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയില്‍ സ്വദേശികൾക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‍റെ നടപടികളുടെ ഭാഗമായാണിത്.
എത്ര ശതമാനം സൗദികളെയാണ് നിയമിക്കുകയെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
സൗദിയിൽ പ്രവാസി സംരംഭകർ ഏറ്റവും കൂടുതലുള്ളത് റസ്റ്റോറൻറ് മേഖലയിലാണ്. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസികളാണ് ഈ മേഖലയിൽ വർഷങ്ങളായി ഉള്ളത്. സ്പോൺസർമാരുടെ കീഴിൽ കോഫി ഷോപ്പുകൾ നടത്തുന്നവരും നിരവധിയാണ്. ഈ മേഖലയിൽ തൊഴിലിന് ലഭ്യമായ സ്വദേശികളുടെ അനുപാതവും സർക്കാർ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉടനെയുണ്ടാവും. സ്വദേശിവത്കരണം ശക്തമാക്കിയതോടെ ജനുവരിയില്‍ മാത്രം 28000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനായതായി മന്ത്രി അറിയിച്ചു.
3.48 കോടി ജനങ്ങളുള്ള സൗദി ജനസംഖ്യയില്‍ 1.05 കോടി പ്രവാസികളാണ്. എന്നാൽ സൗദികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനത്തിലേറെയുണ്ട്. ഉയർന്ന നിരക്കാണിത്. 2030 ആകുന്നതോടെ അത് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ലക്ഷ്യം.