തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്നു. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ് സ്കൂളുകൾ തുറന്നത്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ആന്റണി രാജു, ജി ആര്‍ അനില്‍, വീണ ജോര്‍ജ്ജ്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
ഒന്നാം ക്ലാസില്‍ 3.05 ലക്ഷം കുട്ടികളും രണ്ടാം ക്ലാസില്‍ 3.02 ലക്ഷം കുട്ടികളുമാണ് ഇത്തവണ ചേർന്നത്. മുൻവർഷത്തേക്കാൾ 27,000 കുട്ടികളാണ് ഒന്നാം ക്ലാസിൽ കൂടുതലായി ചേർന്നത്. ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഈ ദിവസങ്ങളിൽ ഹാജറും രേഖപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചു. വാക്സിനെടുക്കാത്ത അധ്യാപകർ തത്കാലം സ്കൂളിൽ വരരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.