‘സ്കോളർ സ്പാർക്ക്’ ടാലന്റ്‌  ഹണ്ട് പരീക്ഷ ഫെബ്രുവരി .പത്തിന്

0
71

കുവൈത്ത് സിറ്റി: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന  സ്കോളർ സ്പാർക്ക് ടാലൻറ് ഹണ്ട് പരീക്ഷ ഫെബ്രവരി പത്തിന് നടക്കുമെന്നും കുവൈത്തിൽ പരീക്ഷാ കേന്ദ്രം  സജ്ജമാക്കിയിട്ടുണ്ടെന്നും  ബന്ധപ്പെട്ടവർ അറിയിച്ചു. മറ്റു ജി സി സി രാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പരീക്ഷാ സെൻററുകൾ ഉണ്ട്.

പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ റജിസ്റ്റർ ചെയ്യാവുന്നതാണ്. മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗൈഡൻസും സഹായങ്ങളും  നൽകാനുള്ള പദ്ധതിയാണ്  ഫൗണ്ടേഷന്റേത്. നിലവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും ഫൗണ്ടേഷൻറെ, www.safoundation.in എന്ന ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്നും അധികൃതർ  കൂട്ടിച്ചേർത്തു.

ഫിസിക്കലായി നടക്കുന്ന  ഓബ്ജക്ടീവ് ടൈപ്പ് പരീക്ഷ രണ്ടു മണിക്കൂറായിരിക്കും. എട്ടാം ക്ലാസ് സിലബസ് അനുസരിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക് സയൻസ് എന്നിവയെ ആസ്പദമാക്കിയുമുള്ള   ചോദ്യങ്ങളായിരിക്കും   ഉണ്ടായിരിക്കുക. പരീക്ഷയ്ക്കു ശേഷം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇൻ്റർവ്യു നടത്തിയാണ്  വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയെന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫൗണ്ടേഷന്റെ  മാനദണ്ഡമനുസരിച്ച് ബിരുദാനന്തര ബിരുദം വരെ പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കോഴിക്കോട് ജാമിഅ മർകസ് ഫൗണ്ടർ ചാൻസലറും ഇന്ത്യൻ ഗ്രാൻറ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേരിൽ പ്രവർത്തിക്കുന്നതാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ. കൂടുതൽ വിവരങ്ങൾക്ക് കുവൈറ്റിൽ (+965)50479590 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.