ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്: ജയിലിൽ കഴിയുന്ന മകൻ ആര്യനെ സന്ദർശിച്ച്​ നടൻ ഷാരൂഖ്​ ഖാൻ

0
28

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന മകൻ ആര്യൻ ഖാനെ സന്ദർശിച്ച്​ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാൻ. ആർതർ റോഡ്​ ജയി​ലിലെത്തിയാണ്​ അദ്ദേഹം മകനെ കണ്ടത്​. കഴിഞ്ഞ മൂന്നാഴ്ചയായി ജയിൽ കഴിയുകയാണ്​ ആര്യൻ.

ഒക്ടോബർ രണ്ടിനാണ് ആര്യൻ അറസ്റ്റിലാകുന്നത്. അതിനുശേഷം ഇതാദ്യമായാണ് ഇരുവരും നേരിൽ കാണുന്നത്. ഇരുപത് മിനിട്ടോളം ജയിലിൽ ചെലവഴിച്ച ശേഷം ഷാരൂഖ്​ മടങ്ങുകയും ചെയ്​തു. കോവിഡ് മാനദണ്ഡങ്ങളിൽ മഹാരാഷ്ട്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഷാരൂഖ്​ ഖാന് ജയിലിലെത്തി മകനെ സന്ദർശിക്കാൻ സാധിച്ചത്.

ബുധനാഴ്ച ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെ​ ജാമ്യത്തിനായി ആര്യന്റെ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്​. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.