ഷാര്‍ജ: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റിലെ സ്വകാര്യ സ്‌കൂള്‍ റെഗുലേറ്ററി സമിതിയായ ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മിറ്റി ഷാര്‍ജയിലെ കൊവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഘട്ടം ഘട്ടമായാണ് സ്‌കൂളുകള്‍ നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് മാറുകയെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികളെ ഇതില്‍ നിന്ന് ഒഴിവാക്കും. അവര്‍ക്ക് ഓണ്‍ലൈനായി തന്നെ പഠനം തുടരാം.