ഡൽഹി: സിംഗു അതിർത്തിയിലെ കർഷക സമര സ്ഥലത്ത് നിന്നും യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. നിഹാങ്ക് സരബ്ജീത് സിംഗിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സിംഗു അതിർത്തിയിലെ കർഷക സമര സ്ഥലത്ത് നിന്നും യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൻറെ കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു.
കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. മരിച്ച യുവാവിന്‍റെ ദേഹത്തിന് മര്‍ദ്ദനമേറ്റ നിരവധി മുറിവുകളുണ്ടെന്നും അതിനാൽ തന്നെ ആൾകൂട്ട ആക്രമണമാണ് നടന്നതെന്നും പൊലീസ് പറയുന്നു.
നിഹാങ്കുകൾ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കർഷക സംഘടനകൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലോക്ക്ഡൗൺ കാലത്ത് പാസ് ചോദിച്ചതിന് നിഹാങ്കുകൾ പൊലീസ് ഉദ്യോഗസ്ഥൻറെ കൈ വെട്ടി മാറ്റിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.