കോഴിക്കോട്: സോളാർ തട്ടിപ്പുകേസിൽ സരിത എസ്. നായർക്ക് ആറു വർഷം കഠിനതടവും 40,000 രൂപ പിഴയും . 42.70 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് കോഴിക്കോട് സ്വദേശി നൽകിയ കേസിലാണ് വിധി. കേസിൽ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണൻ കോവിഡ് നിരീക്ഷണത്തിലായതിനാൽ ഹാജരായില്ല’ . ബിജു രാധാകൃഷ്ണനും കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ഇയാൾക്കുള്ള ശിക്ഷ പിന്നീടു വിധിക്കും. മൂന്നാം പ്രതി ബി. മണിമോനെ വെറുതേ വിട്ടു.
ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കെ.കെ. നിമ്മിയാണ് ശിക്ഷ വിധിച്ചത്. വിശ്വാസ വഞ്ചന, ആൾമാറാട്ടം, ചതിയിലൂടെ പണം കൈക്കലാക്കൽ, വ്യാജരേഖ ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് സരിതയ്ക്ക് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിലും 10,000 ,രൂപ വീതം പിഴയും ഒടുക്കണം. തടവുശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. സരിത നൽകിയ ജാമ്യാപേക്ഷ നിരസിച്ച കോടതി ഹോസ്ദുർഗ് ജയിലിലേക്കയച്ചു.
നടക്കാവ് സെന്റ് വിൻസെന്റ് കോളനി ഫജർ ഹൗസിൽ അബ്ദുൾ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ നൽകാമെന്നുപറഞ്ഞ് 42.7 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തെന്നാണു കേസ്.