കൊട്ടാരക്കരയാണോ ആര്‍. ബാലകൃഷ്‌ണ പിള്ളയാണോ പ്രശസ്‌തമെന്ന് ചോദിച്ചാല്‍ ഉത്തരം, കൊട്ടാരക്കരക്കാര്‍ക്ക് പിള്ളയെന്നാകും. അത്രയ്‌ക്കും ഒരു നാടിന്റെ മുഖമായി മാറിയ നേതാവായിരുന്നു ആര്‍. ബാലകൃഷണ പിള്ളയെന്ന, ആര്‍. ബി. പിള്ള. വോട്ടും സ്വാധീനവും നോക്കിയാല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് കൊട്ടാരക്കരയില്‍ എന്നും മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നിട്ടും ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരെ പോരാടി പിള്ള വിജയിച്ചു. കാരണം എല്ലാ പ്രത്യയ ശാസ്‌ത്രങ്ങള്‍ക്കും അപ്പുറമായിരുന്നു കൊട്ടരക്കരക്കാര്‍ക്ക് പിള്ള സാര്‍.
വികസന രാഷ്ട്രീയമായിരുന്നു ആര്‍ ബാലകൃഷ്‌ണ പിള്ളയെ കൊട്ടാരക്കരക്കാരുടെ പ്രിയപ്പെട്ടവനാക്കിയത്. കെ എസ് ആര്‍ ടി സിയുടെ അപ്രഖ്യാപിത ആസ്ഥാനം കൊട്ടാരക്കരയില്‍ സ്ഥാപിച്ചു. സംസ്ഥാനത്തിന് പുറത്തേയ്‌ക്ക് ഉള്‍പ്പെടെ കെ എസ് ആര്‍ ടി സിക്ക് കൊട്ടാരക്കരിയിയില്‍ നിന്ന് എല്ലാ സ്ഥലങ്ങളിലേയ്‌ക്കും സര്‍വ്വീസുകള്‍ അനുവദിച്ചു. പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ മണ്ഡലത്തില്‍ എത്തിച്ചു., റോഡുകള്‍, മലമുകളിലും വൈദ്യുതി, അങ്ങനെ മണ്ഡലത്തിന്റെ സര്‍വ്വതല സ്‌പര്‍ശിയായ പിള്ളയങ്ങനെ കൊട്ടാരക്കയുടെ പിള്ള സാറായി. എന്‍. എസ്. എസെന്ന സമുദായ സംഘടനയിലൂടെ സമുദായ സേവനം നടത്തിയിരുന്ന ബാലകൃഷ്‌ണ പിള്ള, പക്ഷെ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിരുന്നില്ല, കര്‍ഷക തൊഴിലാളി, കശുവണ്ടി തൊഴിലാളി മുതല്‍ എല്ലാ വിഭാഗത്തിനും രാഷ്ട്രീയ ഭേദ്യമെന്നെ പ്രിയപ്പെട്ടവനായിരുന്നു.
ബാലകൃഷ്‌ണ പിള്ളയെ കുറിച്ച് കൊട്ടാരക്കാര്‍ പറഞ്ഞ് പഴകിയ ഒരു കഥയുണ്ട്. കിഴൂട്ട് രാമന്‍ പിള്ളയെന്ന ജന്മിയുടെ മകനായിട്ടായിരുന്നു ബാലകൃഷ്‌ണ പിള്ളയുടെ ജനനം. ജനിച്ച ഉടനെ ജാതകം എഴുതിച്ചു. എല്ലാവരുടെയും സാന്നിധ്യത്തില്‍ ജ്യോത്സ്യന്‍ ജാതകം വായിച്ചു. അച്ചന്‍ ഉണ്ടാക്കിയ സ്വത്ത് മുഴുവന്‍ മകന്‍ നശിപ്പിക്കും. അത് കേട്ടതോടെ ജന്മിയായ അച്ഛന്‍ കോപാകുലനായി ഇറങ്ങിപ്പോയി. അവസാനം ജനിച്ച സമയം മാറ്റിക്കൊണ്ട് അമ്മ പുതിയൊരു ജാതകം എഴുതിച്ചു. അങ്ങനെ ജാതകത്തില്‍ ബാലകൃഷ്‌ണ പിള്ള നല്ല കുട്ടിയായി.
അച്ഛന്‍ ഉണ്ടാക്കിയ സ്വത്ത് പൂര്‍ണ്ണമായും ബാലകൃഷ്‌ണ പിള്ള സംരക്ഷിച്ചില്ല. എന്നാല്‍ അച്ഛനെക്കാള്‍ വലിയ മകനായി. കൊട്ടാരക്കരയുടെ അപരനാമമായി. കൊട്ടാരക്കരക്കാരുടെ മനസ്സില്‍ പിള്ള ഉണ്ടാക്കിയ ഇരിപ്പിടം ഒഴിഞ്ഞു തന്നെ കിടക്കും. കാരണം പിള്ളയ്‌ക്ക് തുല്യം പിള്ള മാത്രം.