കുവൈറ്റ് സിറ്റി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത തൊഴിലാളികള്‍ക്ക് ആദ്യഘട്ടത്തിൽ 500 ദിനാർ പിഴ വിധിക്കും , തെറ്റ് ആവർത്തിക്കുകയാണെങ്കിൽ 1000 ദിനാർ, ഇരട്ടി പിഴ ചുമത്തുമെന്ന് ബന്ധപ്പെട്ട സമിതിയുടെ മേധാവിയായ റിട്ട. ലെഫ്റ്റ്‌നന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ അലി മുന്നറിയിപ്പ് നൽകി. ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ പാലിക്കാത്ത പ്രവാസികളെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ഉടനടി നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജഹ്‌റയില്‍ നടത്തിയ പര്യടനത്തിനിടെ ഇറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിതരായിട്ടും പുറത്തിറങ്ങുന്നവർക്കും, ക്വാറൻ്റയിൻ പൂർത്തിയാകുന്നതിനു മുൻപ് ജോലിയിൽ പ്രവേശിക്കുന്ന വർക്കുമെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു
എല്ലാവരും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കൊവിഡിനെതിരായ മന്ത്രിസഭയുടെ പോരാട്ടത്തിന് പരിപൂര്‍ണ പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വദേശികള്‍ക്ക് രണ്ട് തവണ മുന്നറിയിപ്പ് നല്‍കും. എന്നിട്ടും ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിയമലംഘകരുടെ പട്ടികയില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മൂന്നാമതും ലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.