റീഫിൽ….( സഫീദ മുസ്തഫ)

0
13

“അമ്മയ്ക്കിനിയെങ്കിലും നിർത്തിക്കൂടെ ഈ ഫേസ്ബുക്കിലെ കളി…
എന്ന് രാവിലെ തന്നെ ഫോണിലൂടെയുള്ള മോളുടെ ചോദ്യം കേട്ടതും അശ്വതി ആകെ തരിച്ച് നിന്ന് പോയി…

“എന്തായിപ്പോ ഇങ്ങനെ പറയാൻ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ മോളോട്..”

അശ്വതി അകത്ത് നുരഞ്ഞ് പൊന്തിയ സങ്കടത്തെ പുറത്ത് കടക്കാൻ അനുവദിക്കാതെ മസ്സിനുള്ളിൽ തന്നെ പൂട്ടി വെച്ച് സൗമ്യമായി അവളോട് ചോദിച്ചു…

“ഇനി ആരും പറയാൻ ബാക്കിയില്ല..
എവിടെ പോയാലും അവർക്കൊക്കെ ഇതേ പറയാനുള്ളൂ. ഞാൻ വിരുന്ന് പോക്ക് നിർത്തി..”
കലിപ്പോടെ അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു..

എന്തോ പറയാനാഞ്ഞ അശ്വതിയുടെ ചെവിയിൽ ഫോൺ ഡിസ്കണക്ടായതിൻ്റെ ബീപ്പ് ശബ്ദം കളിയാക്കി ചിരിക്കാൻ തുടങ്ങി…

മോളോട്‌ മിണ്ടിയതിന് ശേഷം അവൾക്ക് പണിയിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ആദ്യായിട്ടാണ് അവൾ തന്നോട് ഇങ്ങനെ കയർത്ത് സംസാരിക്കുന്നത്.. എന്താണ് കാര്യമെന്ന്
സമാധാനത്തോടെ ഒന്ന് ചോദിച്ച് നോക്കാമെന്ന് കരുതി മോളെ വിളിച്ചു വെങ്കിലും അവൾ ഫോണെടുത്തില്ല..

എന്താ ൻ്റെ കുട്ടിക്ക് പറ്റിയത്.. ഇത് വരെ ഇങ്ങനെയൊന്നും കാണിക്കാത്ത ആളായിരുന്നല്ലോ അവൾ…
മേശമേൽ വെച്ചിരുന്ന മകളുടെ ഫോട്ടോ കയ്യിലെടുത്ത് നെഞ്ചോട് ചേർത്ത് കൊണ്ട് അവൾ തന്നോട് തന്നെ പറഞ്ഞു…

പതിനേഴാം വയസ്സിൽ രാജേട്ടൻ്റെ കൈ പിടിച്ച് ഇവിടെ വരുമ്പോൾ തൻ്റേതായ എല്ലാം വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് വന്നത്… അതിൽ പ്രധാനപ്പെട്ടത് വായനയായിരുന്നു.. എന്തെങ്കിലൊക്കെ ഡയറിയിൽ കുത്തി കുറിക്കുമായിരുന്നത് മകളായതിന് ശേഷം നിർത്തി..
രാജേട്ടന് ഇഷ്ടമില്ലാത്ത മേഖലയായിരുന്നു വായനയും എഴുത്തും… അതായിരുന്നു എല്ലാം ഉപേക്ഷിച്ചതിൻ്റെ പ്രധാന കാരണം നല്ല ബന്ധമാണെന്ന് പറഞ്ഞ് രാജേട്ടൻ്റെ ആലോചന വന്നപ്പോ പഠിത്തം പൂർത്തിയാക്കാനും സമ്മതിച്ചില്ല…

എല്ലാ സ്വപ്നങ്ങളും ത്യജിച്ചത് തൻ്റെ കുടുംബത്തിന് വേണ്ടിയാണ്.
പിന്നെ തൻ്റെ ചിന്തയിൽ എഴുത്തോ വായനയോ വന്നിട്ടേയില്ല…
മോളുടെ കല്യാണം കഴിഞ്ഞ്
രണ്ട് വർഷം മുമ്പ് രാജേട്ടൻ മരണപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ട് പോയ തനിക്ക്
പിന്നെയുണ്ടായ ഒരേയൊരു ആശ്വാസം ഫേസ് ബുക്കിലെ പല പല സാഹിത്യ ഗ്രൂപ്പുകളായിരുന്നു….

രാജേട്ടൻ മരിക്കുന്നത് വരെ ഫോൺ ഉപയോഗിക്കാതിരുന്ന താൻ അടുത്ത ചില സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരമാണ് സ്മാർട്ട് ഫോൺ വാങ്ങിയതും ഫേസ് ബുക്കിൽ അക്കൗണ്ട് തുടങ്ങിയതും…
ഏകാന്തത നിറഞ്ഞ തൻ്റെ ലോകത്ത് കിട്ടിയ നല്ലൊരു കൂട്ടായി മാറിയ ഫേസ്ബുക്കിലെ മിക്ക സാഹിത്യ കൂട്ടായ്മയിലും സജീവ സാനിധ്യമാവാൻ തനിക്ക് കുറഞ്ഞ സമയം മതിയായിരുന്നു.. ഇഷ്ടപ്പെട്ട എഴുത്തുകാരുടെ എഴുത്തുകൾക്ക് കമൻ്റ് നൽകി പതിയെ എഴുത്തിൻ്റെ ലോകത്തേക്ക് പിച്ചവെച്ച തനിക്ക് ഒന്നെഴുതി നോക്കി കൂടെ എന്ന സുഹൃത്തുക്കളുടെ പ്രോത്സാഹനം കൂടി ആയപ്പോൾ മുഴുവൻ സമയ എഴുത്തുകാരിയായി മാറാൻ വലിയ പ്രയാസമൊന്നും വേണ്ടി വന്നില്ല….

അച്ഛനെ പോലെ തന്നെ എഴുത്തും വായനയും ഇഷ്ടപ്പെടാത്ത മകൾക്ക് തൻ്റെ ഈ മാറ്റം ഉൾകൊള്ളാനും കഴിഞ്ഞില്ല….

പല പ്രാവശ്യമായി തൻ്റെ എഴുത്തുകൾക്കെതിരേയും ഫേസ് ബുക്ക് ഉപയോഗത്തിനെതിരേയും ഒളിയമ്പുകൾ എയ്യുന്ന അവളോട് ഒറ്റക്കിരുന്ന് ബോറടിക്കുമ്പോ സമയം പോകാൻ വേണ്ടിയാണ് മോളേ എന്ന് പറഞ്ഞാൽ അമ്മയ്ക്ക് ഞങ്ങളുടെ കൂടെ വന്ന് താമസിച്ചൂടെ എന്നാണ് അവളുടെ മറുപടി രാജേട്ടൻ ഉറങ്ങുന്ന വീട് വിട്ട് പോകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത താൻ അവരോട് ഇവിടെ താമസിക്കാൻ പറയുമ്പോൾ ഭർത്താവിൻ്റെ ജോലി സ്ഥലത്തേക്ക് ദൂര കൂടുതലാണെന്ന കാരണം പറഞ്ഞ് അതവൾ തള്ളികളയുകയാണ് ചെയ്തത്…

ഈയിടെ ഒരു സാഹിത്യ ഗ്രൂപ്പിൻ്റെ കൂട്ടായ്മയിൽ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റിയിരുന്നു.. ആൺ സുഹൃത്തുക്കളുടെ കൂടെയുള്ള ഫോട്ടോസ് അവൾക്കിഷ്ടപ്പെട്ട് കാണില്ല.. അല്ലെങ്കിൽ
അവൻ്റെ വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ടിട്ടുണ്ടാകും.. അല്ലാതെ അവളിങ്ങനെ പെരുമാറില്ല..

ഓരോന്നാലോചിച്ച് എന്തോ ഉറപ്പിച്ചെന്ന മട്ടിൽ അശ്വതി ഫോണെടുത്ത് അവളെ ഒന്ന് കൂടി വിളിച്ചു..

കുറേ റിംഗ് ആയതിന് ശേഷം എന്തോ അവൾ ഫോണെടുത്തു..

“ഞാൻ പറഞ്ഞ കാര്യത്തിൽ അമ്മ എന്ത് തീരുമാനിച്ചു.. ഉറച്ച സ്വരത്തിൽ അവൾ ചോദിച്ചു.

“എന്ത് തീരുമാനിക്കാൻ
തൻ്റെ സ്വരം അറിയാതെ പൊങ്ങിപ്പോയി
“ഇനിയും അമ്മ ഇത് പോലെയാണ് നടക്കാൻ ഭാവമെങ്കിൽ പിന്നെ ഈ മോളെ മറന്നേക്കണം…

അവളുടെ തീക്ഷ്ണസ്വരം തന്നെ തളർത്താതിരിക്കാൻ അവർ മനസ്സ് കല്ലാക്കി വെച്ചു.

“മോൾക്കമ്മയെ വേണ്ട എന്നല്ലേ അതിനർത്ഥം…?

“ഇങ്ങനെ പോയാൽ എനിക്കത് പറയേണ്ടി വരും…

“ആയിക്കോട്ടേ… എന്നാലും ഞാനെൻ്റെ എഴുത്ത് നിർത്താൻ പോകുന്നില്ല… എൻ്റെ എഴുത്തിനെ അംഗീകരിക്കാൻ പറ്റാത്തവർക്ക് എൻ്റെ ജീവിതത്തിൽ നിന്ന് പോകാം അതിപ്പോ മകളായാലും എനിക്ക് പ്രശ്നമില്ല…

ശബ്ദം ഇടറാതിരിക്കാൻ പരമാവധി ശ്രമിച്ച് കൊണ്ട് അശ്വതി പറഞ്ഞു…

“അമ്മയ്ക്കെന്നെക്കാളും വലുതാണ് എഴുത്ത് അല്ലേ.. ഈ മോളേക്കാളും…

“ഇപ്പോ അതെ..

 

മുഴക്കത്തോടെയുള്ള ശബ്ദത്തിൽ അശ്വതി തുടർന്നു…

“ഇനി നീ എന്ത് പറഞ്ഞാലും എനിക്കത് പ്രശ്നമല്ല.. നിനക്കും അച്ഛനും വേണ്ടി എല്ലാ സ്വപ്നങ്ങളും ത്യജിച്ചവളാണ് ഞാൻ ..ഇനിയെങ്കിലും ഞാൻ എനിക്ക് വേണ്ടി ജീവിച്ചോട്ടെ.. എൻ്റെ ആഗ്രഹങ്ങൾക്ക് വേണ്ടി.. എൻ്റെ സ്വപ്നങ്ങൾക്ക് വേണ്ടി… അമ്മയായിരുന്നു ശരി എന്ന് തോന്നുമ്പോ നിനക്ക് വരാം.. ഈ അമ്മ നിനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരിക്കും.

ഇതും പറഞ്ഞ് കരച്ചിലടക്കാൻ പാട് പെട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ
അപ്പുറത്ത് “സോറി അമ്മേ “എന്ന ശബ്ദം അശ്വതി കേട്ടു.. അതൊരു കുളിർ മഴയായി അവളുടെ മനസ്സിനെ തണുപ്പിച്ചു…!

ഇതും പറഞ്ഞ് കരച്ചിലടക്കാൻ പാട് പെട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ
അപ്പുറത്ത്
“സോറി അമ്മേ “എന്ന ശബ്ദം അശ്വതി കേട്ടു.. അതൊരു കുളിർ മഴയായി അവളുടെ മനസ്സിനെ തണുപ്പിച്ചു…!

Kurikkal Safeeda Musthafa