സുഗതകുമാരി അന്തരിച്ചു

0
23

മലയാളികളുടെ പ്രിയ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് തിങ്കളാഴ്ച മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ബ്രോങ്കോന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമായിരുന്നു പ്രധാന പ്രശ്നം. ചൊവ്വാഴ്ച ഹൃദയാഘാതവും ഉണ്ടായി.

പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വനിത കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും മകളായി 1934 ജനുവരി 22ന് ആറന്‍മുളയില്‍ ജനിച്ചത്. ആദ്യ കവിതസമാഹാരം മുത്തുചിപ്പി.
പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി ‘അത്താണി’ , മാനസിക രോഗികള്‍ക്കായി പരിചരണാലയം, അഭയഗ്രാമം എന്നിവ സ്ഥാപിച്ചു. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സംസ്ഥാനവനിത കമീഷന്‍ അധ്യക്ഷ, തളിര് മാസികയുടെ പത്രാധിപര്‍, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

2006ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം.എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, സരസ്വതി സമ്മാന്‍ തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായി.
ഭര്‍ത്താവ്: പരേതനായ ഡോ. കെ വേലായുധന്‍ നായര്‍. മകള്‍: ലക്ഷ്മി. അധ്യാപികയും വിദ്യാഭ്യാസവിദഗ്ദ്ധയുമായിരുന്ന ഹൃദയകുമാരി, അധ്യാപികയും എഴുത്തുകാരിയുമായിരുന്ന പ്രൊഫ. ബി സുജാതദേവി എന്നിവര്‍ സഹോദരങ്ങളാണ്.