ലഖിംപൂർ സംഭവം: കേസന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലഖിംപൂർ സംഭവത്തിൽ അന്വേഷണം മന്ദഗതിയിലാകരുതെന്ന് യുപി പോലീസിനോട് സുപ്രീംകോടതി. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണം ഒരിക്കലും അവസാനിക്കാത്ത കഥയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

സാക്ഷി മൊഴികള്‍ മജിസ്ട്രേറ്റിന് മുമ്പിൽ രേഖപ്പെടുത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശം. 44 സാക്ഷികളില്‍ നാലുപേരുടെ മൊഴിമാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താത്തത്തിൻറെ കാരണം സുപ്രീം കോടതി തിരക്കി.

അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
എന്നാൽ നടപടികള്‍ തുടരുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും യു.പി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. എല്ലാ സാക്ഷികളുടെയും മൊഴികള്‍ ഇതിനോടകം മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്താനും, സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാനും കോടതി നിര്‍ദേശിച്ചു.